2010, ജൂലൈ 12, തിങ്കളാഴ്‌ച
ആദ്യകുര്‍ബാന!
യേശുവില്‍ സ്നേഹമുള്ള മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരെ, ദിവസങ്ങളായുള്ള ഒരുക്കത്തിനും കാത്തിരിപ്പിനും ശേഷം ഇന്ന് ഈശോയെ ഹൃദയത്തില്‍ സ്വീകരിക്കാനായി കടന്നുവന്നിരിക്കുന്ന കുഞ്ഞുമക്കളെ;
മാലഘമാര്‍ സ്തുതിഗീതകങ്ങള്‍ ആലപിക്കുന്ന ഈ തിരുസന്നിധിയില്‍...സ്വര്‍ഗം തുറന്നു ഭൂമിയെ അനുഗ്രഹിക്കുന്ന മനോഹരമായ ഈ സുദിനത്തില്‍...ദൈവത്തിന്റെ അനുപമായ ദിവ്യകാരുണ്യം നമ്മുടെ ഹൃദയങ്ങളെ തേടിയെത്തുന്ന ഈ ബലിവേദിയില്‍...നിങ്ങള്‍ക്കേവര്‍ക്കും ദൈവാനുഗ്രഹം ഞാന്‍ സ്നേഹപൂര്‍വ്വം ആശംസിക്കുന്നു.
2003 ഏപ്രില്‍ 17-ആം തിയ്യതി പെസഹ വ്യാഴാഴ്ച പ്രസിദ്ധീകരിച്ച പ. പിതാവ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മനോഹരമായ ഒരു ചാക്രിക ലേഖനമാണ് Ecclesia de Eucharistia അഥവാ 'തിരുസഭയും വിശുദ്ധ കുര്‍ബാനയും'. വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന എക്കാലത്തെയും മികച്ച ഈ പഠനത്തില്‍ പ.പിതാവ് ആവര്‍ത്തിച്ചു പറയുന്ന ഒരു ആശയമുണ്ട്: "There is no Church without the Eucharist and there is no Eucharist without the Church". തിരുസഭയെ കൂടാതെ വിശുദ്ധ കുര്ബാനയോ, വിശുദ്ധ കുര്ബാനയില്ലാതെ തിരുസഭയോ ഇല്ല. സഭയുടെ അസ്ഥിത്വം തന്നെ വിശുദ്ധ കുര്‍ബാനയില്‍ കേന്ദ്രീകൃതമാണ്. വിശുദ്ധ കുര്ബാനയാണ് സഭയെ വളര്‍ത്തുന്ന ശക്തി. വിശുദ്ധ കുര്‍ബാനയെ സംബന്ധിക്കുന്ന സഭയുടെ ഈ പഠനം ഞാന്‍ നിങ്ങളുമായി പങ്കുവച്ചത് എത്ര മഹത്തരമാണ് നാം അനുഭവിക്കുന്ന ഈ രക്ഷയുടെ രഹസ്യം എന്നു വ്യക്തമാക്കാനാണ്.
പ്രിയ കുഞ്ഞുമക്കളെ നിങ്ങള്‍ ഇന്ന് നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍...നാവില്‍...ഹൃദയത്തില്‍ എല്ലാം സ്വീകരിക്കുന്ന ജീവന്റെ അപ്പം, അത് നിങ്ങള്‍ക്കുവേണ്ടി ബലിയായി തീര്‍ന്നവന്റെ, നിങ്ങള്‍ക്കുവേണ്ടി കുരിശില്‍ മരിച്ചവന്റെ,നിങ്ങള്‍ക്കുവേണ്ടി രക്തം ചിന്തിയവന്റെ, നിങ്ങള്‍ക്കുവേണ്ടി മുറിവേറ്റവന്റെ സ്നേഹത്തിന്റെ ജീവിക്കുന്ന അടയാളമാണ്. ഇന്ന് നിങ്ങളുടെ മുഖങ്ങളില്‍ ഞാന്‍ മാലാഖമാരെ കാണുന്നു. അത്ര വിശുദ്ധിയും നൈര്‍മല്യവും നിങ്ങളുടെ ഹൃദയത്തില്‍ ഇപ്പോള്‍ ഉണ്ട്. ഈശോയെ സ്വീകരിക്കുന്ന ഈ പ. ബാലിയില്‍ നിങ്ങള്‍ അവിടുത്തേക്ക് ഒരു വാക്ക് കൊടുക്കണം "എന്‍റെ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ഞാന്‍ ഈ വിശുദ്ധി നശിപ്പിക്കില്ല എന്ന്". ലോകം ഇന്ന് നിങ്ങളുടെ മുന്‍പില്‍ അശുദ്ധിയുടെ അനേകം അവസരങ്ങള്‍ തുറന്നു വയ്ക്കുന്നുണ്ട്. ഇവിടെ ഇന്ന് നിങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള ഈ വിശുദ്ധി എന്നും നിങ്ങളുടെതായി സുക്ഷിക്കാന്‍ രണ്ടു കുട്ടികളെ ഞാന്‍ നിങ്ങള്ക്ക് മാതൃകകളായി പരിജയപ്പെടുതുകയാണ്. ഒരുപക്ഷെ നിങ്ങള്‍ ഇതിനകം കേട്ടിട്ടുള്ള രണ്ടു വിശുധരായ കുട്ടികള്‍: വി.ഡോമിനിക് സാവിയോയും വി. മരിയ ഗോരെതിയും. നിങ്ങളെ പോലെ ദൈവത്തിനു ഏറ്റം പ്രിയപ്പെട്ട രണ്ടു കുഞ്ഞുങ്ങള്‍! ഈശോയ്ക്കുവേണ്ടി ജീവിച്ച ദൈവത്തിന്റെ രണ്ടു മക്കള്‍! സമയക്കുറവു മൂലം ഇതില്‍ വി.മരിയ ഗോരെതിയുടെ കഥ മാത്രം ഞാന്‍ നിങ്ങളെ ഓര്‍മിപ്പിക്കുകയാണ്.1890 ഇറ്റലിയിലെ ഒരു പാവപെട്ട കര്‍ഷക കുടുംബത്തില്‍ ആണ് മരിയ ജനിച്ചത്. അവളുടെ ചെറുപ്പത്തില്‍ തന്നെ അവളുടെ പപ്പാ ഈ ലോകത്തോട് വിടപറഞ്ഞു. പിന്നീട് വലിയ കഷ്ടതകളിലൂടെയും,ദാരിദ്ര്യതിലൂടെയും ആണ് കുടുംബം കടന്നു പോയത്. എന്നാല്‍ മിടുക്കിയായ മരിയ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു ഒന്‍പതാം വയസ്സില്‍ തന്നെ അമ്മയെയും ബാക്കി ആറു സഹോദരങ്ങളെയും സഹായിക്കാനായി വിവിധ ജോലികള്‍ ചെയ്തു. മരിയയുടെ കുടുംബം താമസിച്ചിരുന്നത് വലിയ ധനികരായ സരെനെല്ലി കുടുംബത്തിന്റെ വാടകവീട്ടിലായിരുന്നു. അവിടുത്തെ അലെസ്സാണ്ട്രോ എന്ന ഇരുപതു വയസ്സുകാരന്‍ മരിയയെ പാപം ചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരുന്നു.കാരണം മരിയ അതീവ സുന്ദരിയായിരുന്നു. ഒടുവില്‍ 1902 ജൂലൈ 5 നു അലെസ്സാണ്ട്രോ പതിനൊന്നു വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മരിയയെ കടന്നുപിടിച്ചു പാപം ചെയ്യാന്‍ പ്രേരിപ്പിച്ചു.എന്നാല്‍ വിശുദ്ധിയെ ഒരു നിധി പോലെ കണ്ട മരിയ അവനു വഴങ്ങിയില്ല. അതില്‍ കുപിതനായ അലെസ്സാണ്ട്രോ മരിയയെ പതിനാലു തവണ കുത്തി. ജൂലൈ ആറാം തിയതി മരിക്കുന്നതിനു മുന്‍പ് മരിയ പറഞ്ഞു "ഞാന്‍ ഈശോയോടുള്ള സ്നേഹത്തെ പ്രതി അലെസ്സാണ്ട്രോയോട് ക്ഷമിക്കുന്നു;എന്നോടൊപ്പം അവനും പറുദീസയില്‍ വരണമെന്നാണ് എന്‍റെ ആഗ്രഹം". ഇതും പറഞ്ഞു മരിയ എന്നേക്കുമായി യാത്രയായി.
സ്നേഹമുള്ള കുഞ്ഞുമക്കളെ, മാതാപിതാക്കളെ...ഇന്ന് നിങ്ങള്‍ ആദ്യ കുര്‍ബാന സ്വീകരിക്കുന്ന ഈ ദിവസം മരിയ നിങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് ഈശോയുടെ അടുത്തുണ്ട്. പതിനൊന്നാം വയസ്സില്‍ തന്റെ വിശുധിക്കുവേണ്ടി...ചാരിത്ര്യ ശുധിയ്ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച മരിയ ഇന്ന് നമോരോരുത്തരോടും പറയുന്ന ഒരു കാര്യമുണ്ട്: പാപം ചെയ്യുന്നതിനേക്കാള്‍ മരണമാണ് അഭികാമ്യം.
പ്രിയ കുഞ്ഞുമക്കളെ ഞാന്‍ ആദ്യം നിങ്ങളോട് വി.കുര്ബാനയാണ് തിരുസഭയെ വളര്‍ത്തുന്നത് എന്ന് പറഞ്ഞു. ഇന്ന് തിരുസഭ വിശുധകുര്ബാനയെന്ന അമൂല്യമായ ദാനം നിങ്ങള്ക്ക് തരുമ്പോള്‍ ഒരു വലിയ ദൌത്യം കൂടി നിങ്ങളെ എല്പ്പിക്കുന്നുണ്ട്. കുരിശില്‍ കിടക്കുന്ന ഈശോയുടെ കാലുകള്‍ക്ക് പകരം നിങ്ങളുടെ കാലുകള്‍ നല്‍കണം...അവിടുത്തെ തിരുക്കരങ്ങള്‍ക്ക് പകരം അനേകരെ തൊട്ടു സുഖപ്പെടുത്താന്‍ നിങ്ങളുടെ കുഞ്ഞികൈകളെ നല്‍കണം... അവിടുത്തെ മുറിവേറ്റ തിരുഹൃദയത്തിനു പകരം നിങ്ങളുടെ വിശുദ്ധമായ ഹൃദയങ്ങളെ നിങ്ങള്‍ നല്‍കണം. അങ്ങനെ വി. മരിയ ഗോരെതിയെ പോലെ വിശുധരായ സ്നേഹത്തിന്റെയും ക്ഷമയുടെയും പടയാളികളായി നിങ്ങള്‍ ഈശോയുടെ സഭയെ വളര്‍ത്തണം...ശക്തിപ്പെടുത്തണം.
അനുഗ്രഹീതമായ ഈ സുദിനത്തില്‍ നിങ്ങളെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ...ഇന്ന് ആദ്യ കുര്‍ബാന സ്വീകരിക്കുന്ന ഈ കുഞ്ഞുമക്കളുടെ പ്രിയ മാതാപിതാക്കളെ ഞാന്‍ നിങ്ങളെ അഭിനന്ദിക്കുകയാണ് . ബാലനായ യേശുവിനെ ദേവാലയത്തില്‍ കൊണ്ടുവന്ന പ.അമ്മയെപോലെ, വി. യൌസേപ്പിനെപോലെ ഇതാ ഇന്ന് നിങ്ങളും ദൈവം നിങ്ങള്ക്ക് ദാനമായി നല്‍കിയ ഈ മക്കളെ അവിടുത്തെ തിരുസന്നിധിയില്‍ സമര്‍പ്പിക്കുന്നു. എത്ര ധന്യമാണിത്. ഈ മക്കളെ ഒരുക്കിയ ഓരോരുത്തരെയും ഞാന്‍ അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്യുന്നു. കര്‍ത്താവിന്റെ കരങ്ങളിലെ രക്ഷയുടെ ഉപകരണങ്ങളാണ് നിങ്ങള്‍.ഇതാ രക്ഷയുടെ ദിവസം...ഇതാ അനുഗ്രഹീതമായ സമയം. ഈ സുദിനത്തിന്റെ മംഗളങ്ങള്‍ ഒരിക്കല്‍ കൂടി ആശംസിച്ചുകൊണ്ട് ...പിതാവിന്റെയും പുത്രന്റെയും പ. ആത്മാവിന്റെയും നാമത്തില്‍ ആമ്മേന്‍.
പോസ്റ്റ് ചെയ്തത് Fr. Luke (Bineesh) Thadathil ല്‍ 7/12/2010 12:33:00 PM
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
0 അഭിപ്രായ(ങ്ങള്):
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ