CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2010, ജൂലൈ 31, ശനിയാഴ്‌ച

ഉറുമ്പ്


ഉറുമ്പ്

ഒരു സ്ഥാപനത്തില്‍ എല്ലാ ദിവസവും വളരെ നേരത്തെ ജോലിക്ക് എത്തുകയും ആത്മാര്‍ഥമായി ജോലി ചെയ്യുകയും ചെയ്തിരുന്ന ഒരു കുഞ്ഞു ഉറുമ്പ് ഉണ്ടായിരുന്നു. അവള്‍ വളരെ സന്തോഷവതിയായിരുന്നു എന്നു മാത്രമല്ല ആ സ്ഥാപനത്തിന്റെ വളര്‍ച്ചയ്ക്ക് വേണ്ടി കധിനാധ്വാനം ചെയ്യുന്നതില്‍ സംതൃപ്തയുമായിരുന്നു.
ആ സ്ഥാപനത്തിന്റെ തലവനായിരുന്ന സിംഹം അവളുടെ ആത്മാര്‍ഥതയും അര്‍പ്പണബോധവും കണ്ടു ആശ്ചര്യപ്പെട്ടു. മേല്‍നോട്ടത്തിനു ആരും ഇല്ലാതെ തന്നെ എത്ര മനോഹരമായി ഈ ഉറുമ്പ് ജോലി ചെയ്യുന്നു!  അതുകൊണ്ട് മേല്‍നോട്ടത്തിനു ഒരാളെ നിയമിച്ചാല്‍ ഈ ഉറുമ്പ് കൂടുതല്‍ നന്നായി ജോലി ചെയ്യും-സിംഹം ചിന്തിച്ചു.
അങ്ങനെ വളരെ കാലം മേല്‍നോട്ടക്കാരനായി പ്രവര്‍ത്തനപരിചയവും, ജോലിയുടെ വിവിധ വശങ്ങളെകുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുന്നതില്‍ നിപുണനുമായ പാറ്റ എന്ന മേല്നോട്ടക്കാരനെ തന്നെ സിംഹം ഉറുമ്പിന്റെ ജോലി വിലയിരുത്താനും, മേല്‍നോട്ടം വഹിക്കാനുമായി നിയമിച്ചു. പാറ്റയുടെ ആദ്യ പരിഷ്കാരം ഒരു സമയസംവിധാനം സ്ഥാപിച്ചുകൊണ്ടായിരുന്നു. അങ്ങനെ നേരത്തെ ജോലിക്കെത്തിയിരുന്ന ഉറുമ്പിന്റെ സ്വാതന്ത്ര്യത്തിനു കടിഞ്ഞാണ്‍ വീണു. തന്റെ വിലയിരുത്തല്‍ റിപ്പോര്‍ട്ടുകളും മറ്റും തയ്യാറാക്കുന്നതിന് പാറ്റ ഒരു എട്ടുകാലിയെ തന്റെ ഗുമസ്തയായി നിയമിച്ചു. ഈ എട്ടുകാലി റിപ്പോര്‍ട്ടുകള്‍ വളരെ ശാസ്ത്രീയമായി തയ്യാറാക്കുകയും ഓഫീസ് ജോലികള്‍ ഭംഗിയായി നിര്‍വഹിക്കുകയും ചെയ്തു.
പാറ്റ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ കണ്ടു സ്ഥാപനത്തിന്റെ തലവന്‍ സിംഹത്തിനു വളരെ സന്തോഷമായി. സ്ഥാപനത്തിന്റെ ഉത്പാദന ക്ഷമത, ക്രമാനുഗതമായ വളര്‍ച്ച എന്നിവ വെളിവാക്കുന്ന വിവിധ ചാര്‍ട്ടുകളും ഗ്രാഫുകളും തയ്യാറാക്കുവാന്‍ സിംഹം പാറ്റയോടു ആവശ്യപ്പെട്ടു. ഇവ ബോര്‍ഡ് മീറ്റിങ്ങില്‍ അവതരിപ്പിക്കാനുള്ള തന്റെ തീരുമാനം വ്യകതമാക്കി.
അങ്ങനെ തലവനായ സിംഹം ആവശ്യപെട്ട പ്രകാരം ചാര്‍ട്ടുകളും, ഗ്രാഫുകളും മറ്റും നിര്‍മിക്കുന്നതിനു അന്ന് തന്നെ പാറ്റ ഒരു കമ്പ്യൂട്ടര്‍,പ്രിന്‍റര്‍ അനുബന്ധ ഉപകരണങ്ങള്‍ എന്നിവ വാങ്ങി. ഇവയുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിനായി ഒരു ഐ.ടി. വിദഗ്ധനായ ഈച്ചയെ അടിയന്തിരമായി നിയമിക്കുകയും ചെയ്തു.
ചുരുക്കത്തില്‍ ഉത്പാദനപരമായ ജോലിയില്‍ ഉള്ള ഉറുമ്പിന്റെ മേല്നോട്ടത്തിനും, റിപ്പോര്‍ട്ട് തയ്യാര്‍ ചെയ്യല്‍ എന്നിവയുമായി ബന്ധപ്പെട്ടു മറ്റു മൂന്നു പേര്‍ കൂടി നിയമിതരായതോടെ അവര്‍ വിളിക്കുന്ന യോഗങ്ങള്‍,ചര്‍ച്ചകള്‍ എന്നിവ നിമിത്തം ഉറുമ്പിന്റെ ജോലി തടസ്സപെടുകയും,സമയം നഷ്ടമാവുകയും, സന്തോഷം ഇല്ലാതാവുകയും ചെയ്തു. മാത്രമല്ല ജീവനക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ സ്ഥാപനത്തിന്റെ വളര്‍ച്ച മുരടിച്ചു തുടങ്ങി.
സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ കുറവ് വരുന്നു എന്നു മനസ്സിലാകിയ തലവന്‍ സിംഹം ഒരു തീരുമാനത്തിലെത്തി: ഉറുമ്പ് ജോലി ചെയ്യുന്ന വിഭാഗത്തിന്റെ മുഴുവന്‍ ചുമതലയും നല്‍കി ഒരു മാനേജറിനെ ഉടന്‍തന്നെ നിയമിക്കുക.  ഒടുവില്‍ തല്‍സ്ഥാനത്തേക്ക് അറിയപ്പെടുന്ന മനേജേര്‍ തേനീച്ചയെ നിയമിച്ചു.
തന്റെ പ്രവര്‍ത്തനത്തിന്റെ മുന്നോടിയായി തേനീച്ച വിലപിടുപ്പുള്ള അലങ്കാര വസ്തുക്കള്‍,കസേര തുടങ്ങിവയുമായി ഒരു വലിയ ഓഫീസ് തുറക്കുകയും; ഒരു പേര്‍സണല്‍ അസിസ്റ്റന്റ്‌, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ മറ്റു ഗുമസ്ഥന്മാര്‍ എന്നിവരെ നിയമിക്കുകയും ചെയ്തു. പുതിയ നീക്കങ്ങളില്‍ സ്ഥാപനത്തിന്റെ തലവന്‍ സിംഹത്തിനും സന്തോഷമായി. തേനീച്ച കഴിഞ്ഞ വര്‍ഷങ്ങളിലെ ഉത്പാദനത്തിന്റെ വിലയിരുത്തലുകള്‍ നടത്തുകയും പുതിയ സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ്, നിര്‍ദേശങ്ങള്‍ എന്നിവ ശാസ്ത്രീയമായി അവതരിപ്പിക്കുകയും ചെയ്തു.
പക്ഷെ ഉറുമ്പ് ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ വളര്‍ച്ചയും, സന്തോഷവും, പരസ്പ്പരമുള്ള ആശയവിനിമയം പോലും ഇല്ലാതായി. സ്ഥാപനത്തിന്റെ അന്തരീക്ഷം തന്നെ മടുപ്പിക്കുന്നതായി.
സ്ഥാപനത്തിന്റെ ഉത്പാതനക്ഷമതയില്‍ ഗണ്യമായ കുറവ് സംഭവിക്കുന്നതായി മനസ്സിലാക്കിയ തലവന്‍ സിംഹം ഇതിനെക്കുറിച്ച് പഠനം നടത്താനായി അറിയപ്പെടുന്ന ഒരു വിദഗ്ദ്ധനെ- ഒരു മൂങ്ങയെ-നിയമിച്ചു. തന്റെ മൂന്നു മാസം നീണ്ടു നിന്ന പഠനത്തിന്റെ ഒടുവില്‍ മൂങ്ങ പ്രശ്നം കണ്ടെത്തി: ഇവിടെ ജോലിക്കാരുടെ എണ്ണം കൂടുതലാണ്. ഇത് വ്യകതമാക്കാനായി ഏതാണ്ട് മൂവായിരം പേജുകള്‍ വരുന്ന ഒരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു.
ആരെയായിരിക്കും സ്ഥാപനത്തിന്റെ തലവനായ സിംഹം ഈ തകര്‍ച്ചയുടെ കാരണമായി കണ്ടെത്തുക?
ഒരു സംശയവുമില്ല, ഉറുംബിനെ തന്നെ. അവളുടെ അര്‍പ്പണബോധം ഇല്ലായ്മയും,ജോലി ചെയ്യുന്നതിലെ ആത്മാര്‍ഥത കുറവുമാണ് സ്ഥാപനത്തിന്റെ തകര്‍ച്ചയ്ക്ക് വഴി തെളിച്ചത് എന്നു പറയും!!!!
ഇത് ഒരു ഇന്റെര്‍നെറ്റ് കഥയുടെ ഭാഷാന്തരം ആണ്. ഈ കഥയിലെ കഥാപാത്രങ്ങള്‍ തികച്ചും സാങ്കല്‍പ്പികവും. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ  ആയ ആരുമായും ഇവയ്ക്കു ബന്ധമില്ല എന്നു ബോധിപ്പിച്ചുകൊള്ളുന്നു.