CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

കഥ:ക്രിസ്മസ് സമ്മാനം

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു ക്രിസ്മസ് കാലം.
സാമ്പത്തികമായ  വലിയ ബുധിമുട്ടുകള്‍ക്കിടയിലൂടെ നിറം മങ്ങിയ ഒരു ക്രിസ്മസ് കടന്നുവരികയാണ്. തന്റെ മൂന്നു വയസ്സുകാരി മകള്‍ സ്വര്‍ണ നിറമുള്ള ഒരു സമ്മാനകടലാസ്സ്‌ എടുത്തു എന്തോ പൊതിയുന്നത് അയാളുടെ ശ്രദ്ധിച്ചു. ആ പേപ്പര്‍ നശിപ്പിച്ചതിനെപ്രതി അയാള്‍ അവളെ ശാസിച്ചു. കുട്ടി മറുപടിയൊന്നും പഞ്ഞില്ല. പിറ്റേന്ന് ക്രിസ്മസ്. അതാ ഇന്നലത്തെ സ്വര്‍ണനിറമുള്ള പൊതിയുമായി കുട്ടി അയാളുടെ അടുത്ത്‌ വന്നു.ഹാപ്പി ക്രിസ്മസ് പപ്പാ എന്നു പറഞ്ഞു, ആ സമ്മാനപൊതി അയാള്‍ക്ക് നല്‍കി. സമ്മാന പേപ്പര്‍ എടുത്തതിനു കുട്ടിയെ വഴക്കുപരഞ്ഞതോര്‍ത്തു അയാള്‍ക്ക് ദുഖമായി.
അയാള്‍ വളരെ താല്പര്യപൂര്‍വ്വം സമ്മാനപൊതിയഴിച്ചുനോക്കി. ആ സമ്മാനപെട്ടിയില്‍ ഒന്നും ഉണ്ടായിരുന്നില്ല.അയാള്‍ക്ക് വീണ്ടും ദേഷ്യം ഇരച്ചുകയറി. ഒരു സമ്മാനവും വയ്ക്കാതെ സമ്മാനപൊതി  നല്‍കുന്നത് മറ്റുള്ളവരെ  അപമാനിക്കുന്നതിനു തുല്യമാണെന്ന് പറഞ്ഞു അയാള്‍ കുട്ടിയെ തല്ലി. നിറമിഴിയോടെ കുട്ടി പറഞ്ഞു: ' ആ പെട്ടി കാലിയല്ല പപ്പാ, ഞാന്‍ അത് നിറയെ പപ്പയ്ക്ക് ഉമ്മകള്‍ നിറച്ചിരുന്നു'. അതുകേട്ടപ്പോള്‍ അയാള്‍ ലജ്ജിച്ചുതലതാഴ്ത്തിപ്പോയി.
 അടുത്ത ക്രിസ്മസിന് മുന്‍പ് ഒരു അപകടത്തില്‍പെട്ടു ആ മൂന്നു വയസ്സുകാരി മകള്‍ മരിച്ചു പോയി. പിന്നീടു വര്‍ഷങ്ങള്‍ കടന്നു പോയി ഇന്നും തന്റെ മുറിയില്‍ ഒരമൂല്യവസ്തുവായി അയാള്‍ ആ കാലിപെട്ടി സൂക്ഷിക്കുന്നു. ജീവിതത്തില്‍ തളരുന്ന നിമിഷങ്ങളില്‍ ആ പെട്ടിയില്‍ നിന്നുമാണ് അയാള്‍ ഊര്‍ജം സ്വീകരിക്കുന്നത്, തന്റെ മകള്‍ തനിക്കു നല്‍കിയ സ്നേഹ ചുംബനങ്ങളില്‍  നിന്നും.

നാല് ഭാര്യമാര്‍


ഒരു കച്ചവടക്കാരന് നാല് ഭാര്യമാര്‍ ഉണ്ടായിരുന്നു.
സുന്ദരിയായിരുന്ന നാലാമത്തെ ഭാര്യയെ അയാള്‍ ഏറ്റവുമധികം  സ്നേഹിച്ചു. വിലപിടിച്ച ആടയാഭരണങ്ങളും മറ്റും അയാള്‍ അവള്‍ക്കു സമ്മാനിച്ചു. ലോകത്തില്‍ പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സൌഭാഗ്യങ്ങളും അയാള്‍ അവള്‍ക്കു നല്‍കി.
മൂന്നാമത്തെ ഭാര്യയും അതീവ സുന്ദരിയായിരുന്നു. അയാള്‍ അവളെയും സ്നേഹിച്ചു. തന്റെ സ്നേഹിതരുടെയും മറ്റും മുന്‍പില്‍ അവളെ അയാള്‍ അഭിമാനപൂര്‍വം കൂട്ടികൊണ്ടുവന്നു. എന്നാല്‍ അവള്‍ തന്നെ ഉപേക്ഷിച്ചു മറ്റാരുടെയെങ്കിലും കൂടെ പോകുമോ എന്ന ഭയം അയാള്‍ക്കെപ്പോഴുമുണ്ടായിരുന്നു.
തന്റെ രണ്ടെമത്തെ ഭാര്യയേയും അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.കാരണം അവള്‍ അയാള്‍ക്ക് ആത്മവിശ്വാസം നല്‍കി. അയാള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ അയാള്‍ക്ക് മാര്‍ഗം ഉപദേശിക്കുവാന്‍ അവള്‍ സന്നധയായിരുന്നു.
ആ കച്ചവടക്കാരന്റെ സകല സൌഭാഗ്യങ്ങളെയും കാത്തു സൂക്ഷിച്ചിരുന്നത് അയാളോട് ഏറ്റവും സ്നേഹവും വിശ്വസ്തതയും പുലര്‍ത്തിയിരുന്ന അയാളുടെ ആദ്യ ഭാര്യയായിരുന്നു. എന്നാല്‍ അയാള്‍ക്ക് അവളെ  ഇഷ്ടമായിരുന്നില്ല.  അവളുടെ  കാര്യങ്ങളില്‍ അയാള്‍ ഒട്ടും ശ്രദ്ധിച്ചില്ല.‍
നിനച്ചിരിക്കാതെ ഒരു ദിവസം കച്ചവടക്കാരന്‍ മാരകമായ രോഗബാധിതനായി. മരണക്കിടക്കയില്‍ അയാള്‍ ചിന്തിച്ചു. ജീവിതകാലത്ത് നാല് ഭാര്യമാര്‍ ഉണ്ടായിരുന്ന താനിതാ ഏകാനയിതീരുന്നു. അയാള്‍ തനിക്കേറ്റവും പ്രിയപ്പെട്ട നാലാമത്തെ ഭാര്യയെ അടുത്തുവിളിച്ചു മരണത്തിലും തന്നോടൊപ്പം വരില്ലേ എന്നു ചോദിച്ചു.'ഇല്ല ഒരു വഴിയുമില്ല' എന്നു പറഞ്ഞു അവള്‍ നടന്നകന്നു.
മൂന്നാമത്തെ ഭാര്യയോടും അയാള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ അയാളെ വീണ്ടും നിരാശനാക്കികൊണ്ട് അവള്‍ പറഞ്ഞു 'ഇല്ല, ജീവിതം ഇവിടെ മനോഹരമാണ് അതുകൊണ്ട് ഞാന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'.
ദുഖിതനായ അയാള്‍ ഏറെ പ്രതീക്ഷയോടെ തന്റെ രണ്ടാമത്തെ ഭാര്യയോട്‌ ചോദിച്ചു:' മരണത്തിലും നീ എന്നെ അനുഗമിക്കില്ലേ? ' അവള്‍ പറഞ്ഞു: 'എന്നോട് ക്ഷമിക്കണം ഈ സമയം താങ്കളെ സഹായിക്കാന്‍ എനിക്കാവില്ല. കല്ലറ വരെ മാത്രം ഞാന്‍ കൂടെയുണ്ടാവും" .
അതീവ ദുഖിതനായി തളര്‍ന്നിരുന്ന അയാളുടെ കാതുകളില്‍ മറ്റൊരു സ്വരം പതിച്ചു. 'ഞാനുണ്ടാവും നിങ്ങളുടെ കൂടെ മരണശേഷവും...നിങ്ങള്‍ എവിടെ പോയാലും ഞാന്‍ ഒപ്പമുണ്ടാവും'. അത് അയാളുടെ ആദ്യ ഭാര്യയുടെ സ്വരമായിരുന്നു. അയാള്‍ ഒരിക്കല്‍ പോലും ശ്രദ്ധിക്കാത്തത് മൂലം മെലിഞ്ഞുണങ്ങി വിരൂപമായിതീര്‍ന അവളുടെ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു:'എനിക്ക് തെറ്റിപോയി... ഒരിക്കല്‍പോലും നിന്നെ സ്നേഹിക്കാനോ നിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ എനിക്ക് കഴിഞ്ഞില്ലല്ലോ'.
സത്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഈ നാല് ഭാര്യമാര്‍ ഉണ്ട്.
നാലാമത്തെ അവള്‍ നമ്മുടെ ശരീരമാണ്. ഏറ്റവുമധികം സ്നേഹം ശ്രദ്ധയും നല്‍കി നാം കൊണ്ടുനടക്കുന്ന ഈ ശരീരം മരണത്തില്‍ നമ്മെ വിട്ടു പോകുന്നു.
മൂന്നാമത്തെ ഭാര്യ സ്വത്തും പണവും പ്രശസ്തിയുമാണ്. നമ്മുടെ മരണശേഷം അത് മറ്റുള്ളവരുടെത് ആയിതീരുന്നു.
രണ്ടാമത്തെ ഭാര്യ നമ്മുടെ കുടുംബം സുഹൃത്തുക്കള്‍ തുടങ്ങിയവരാണ്. കല്ലറവരെ മാത്രം അവര്‍ നമ്മെ അനുഗമിക്കും.
എന്നാല്‍ വീണ്ടും നമ്മോടൊപ്പം കൂടപ്പോരുന്ന ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവാണ്. ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ നാം മനപൂര്‍വം മറക്കുന്ന നമ്മുടെ ആത്മാവ്. 

കഥ: രണ്ടു തവളകള്‍


പുതിയ ജലാശയങ്ങള്‍ തേടി ഒരുപറ്റം തവളകള്‍ വനത്തിലൂടെ  യാത്ര ചെയ്യുകയായിരുന്നു.  പെട്ടെന്ന്
 കൂട്ടംവിട്ടു രണ്ടു  തവളകുഞ്ഞുങ്ങള്‍ ഒരു പൊട്ടകിണറ്റില്‍ വീണു. കിണര്‍ ആഴമേറിയത്‌ ആയിരുന്നു. അവിടെനിന്നും രക്ഷപെടാന്‍ ജീവനമരണ പോരാട്ടം നടത്തിക്കൊണ്ടിരുന്ന തവളകളോട് അവരുടെ ഉദ്യമം ഫലശുന്യമാണ് എന്നും മരണത്തെ സ്വീകരിക്കാന്‍ ഒരുങ്ങികൊള്ളുവിന്‍ എന്നും കരയിലെ തവളകള്‍ ഉപദേശിച്ചു. പക്ഷെ അവരുടെ വാക്കുകള്‍ക്കു ചെവി കൊടുക്കാതെ അവര്‍ വീണ്ടും വീണ്ടും രക്ഷപെടാന്‍ ശ്രമം തുടര്‍ന്നു. കരയില്‍  മറ്റു തവളകള്‍ നിങ്ങള്ക്ക് രക്ഷയില്ല എന്ന ഉപദേശവും തുടര്‍ന്നു. ഒടുവില്‍ നിരാശനായ ഒരു തവള ചാട്ടം നിര്‍ത്തി മരണത്തെ സ്വീകരിച്ചു. എന്നാല്‍ മറ്റേ തവള പൂര്‍വാധികം ശക്തിയോടെ ശ്രമം തുടരുകയും ഒടുവില്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട്  രക്ഷപ്പെടുകയും ചെയ്തു . കരയിലെത്തിയ ഈ തവളയോട് എങ്ങനെ ഇത് നിനക്ക് സാധ്യമായി എന്നു മറ്റു തവളകള്‍ ചോദിച്ചു. അവന്‍ ഉത്തരം പറഞ്ഞില്ല. അപോഴാണ് ആ തവള ഒരു ചെകിടന്‍ ആയിരിന്നുവെന്നു മറ്റു തവളകള്‍ക്ക് മനസ്സിലായത്. കരയില്‍ നിന്ന് മറ്റു തവളകള്‍ പറഞ്ഞ നിരാശാജനകമായ വാക്കുകള്‍ അവന്‍ കേട്ടില്ല മറിച്ച്‌ അവരുടെ ആരവങ്ങള്‍ തനിക്കുള്ള പ്രോത്സഹനമാനെന്നു ധരിച്ചു അവന്‍ വലിയ ശ്രമം നടത്തി ഒടുവില്‍ വിജയ ശ്രീലളിതനായി.
ഓരോ മനുഷ്യനും വിജയത്തിന്റെ അനന്തസാദ്ധ്യതകള്‍ ദൈവം നല്‍കുന്നുണ്ട്‌ എന്നാല്‍ ജനക്കൂട്ടത്തിന്റെ ജല്പനങ്ങള്‍ക്ക് ചെവികൊടുത്താല്‍, തന്റെ സാധ്യതകളെ മറന്നാല്‍ നിത്യനാശമാവും ഫലം.

ഉറവിടം: അപരിചിതന്‍

2010, ഫെബ്രുവരി 13, ശനിയാഴ്‌ച

പുനര്‍ജ്ജനിയുടെ സാംഗത്യം



കാഴ്ചയുടെയും ദര്‍ശനത്തിന്റെയും പുതിയ സംവേദനതലങ്ങള്‍  ‍സുസാധ്യമാക്കുന്ന  വിവര സാങ്കേതികതയുടെ   പുതിയ ചക്രവാളങ്ങളില്‍  അഭിനവപൌരോഹിത്യത്തിന്റെ നിറപ്പകിട്ടാര്‍ന്ന സ്വപ്നങ്ങളെയും...ജൈവികമായ ഏകാന്തതകളെയും...ധൈഷണിക ക്ഷോഭങ്ങളെയും...പിന്നെ ഇനിയും അസ്തമിക്കാത്ത ആത്മാവിന്റെ വിശുദ്ധിയും...സത്യവും ...നൈര്‍മല്യവും അക്ഷരകൂട്ടങ്ങളുടെ  അവതാര പുണ്ണ്യത്തിനായ് സമര്‍പ്പിക്കുന്നു .
സ്നേഹപൂര്‍വ്വം ബിനീഷച്ചന്‍