CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2010, ജൂലൈ 27, ചൊവ്വാഴ്ച

ആദ്യകുര്‍ബാന 2


ഈശോയില്‍ സ്നേഹം നിറഞ്ഞ മാതാപിതാക്കളെ, സഹോദരീ സഹോദരന്മാരെ, കുഞ്ഞു മക്കളെ,
ഇന്ന് തിരുസഭ വളരെയധികം സന്തോഷിക്കുന്ന ഒരു സുദിനമാണ്. മാമോദീസയിലൂടെ ജന്മം നല്‍കി വളര്‍ത്തിയ തന്റെ  മക്കള്‍ ഇന്നിതാ അനുതാപത്തിന്റെ കൂദാശ സ്വീകരിച്ചു പരിശുദ്ധി നിറഞ്ഞ മനസ്സോടെ ഈശോയെ തങ്ങളുടെ ഹൃദയത്തില്‍ സ്വീകരിക്കാനായി ഈ ബലിവേദിക്കരികില്‍ കടന്നു വന്നിരിക്കുന്നു. തന്റെ മാറിലെ അവസാനത്തെ തുള്ളി രക്തം കൊണ്ട് പോലും കുഞ്ഞുങ്ങള്‍ക്ക്‌ മുലയൂട്ടുന്ന സ്നേഹമയിയായ അമ്മയെപോലെ ഇന്ന് തിരുസഭ അവള്‍ക്കു കര്‍ത്താവില്‍നിന്നും വലിയ ദാനമായി ലഭിച്ച സ്നേഹത്തിന്റെ ദിവ്യകാരുണ്യം നല്‍കി ഇന്ന് ഈ കുഞ്ഞുമക്കളെ ശക്തിപ്പെടുത്തുകയാണ്. പ്രിയമുള്ളവരേ അവര്‍ണനീയമായ ഈ ദാനത്തെയോര്‍ത്തു നമുക്ക് കര്‍ത്താവിനെ സ്തുതിക്കാം,അവിടുത്തേക്ക്‌ നന്ദി പറയാം.
ആദ്യകുര്‍ബാന സ്വീകരണം ഓരോ വ്യക്തിയുടെയും ജീവിതത്തിലെ മറക്കാനാവാത്ത ഒരു സുദിനമാണ്. വെള്ള ഉടുപ്പുകള്‍ അണിഞ്ഞു,കയ്യില്‍ പൂക്കളും കത്തിച്ച തിരികളുമായി മാലഘമാരെപോലെ കര്‍ത്താവിന്റെ തിരുസന്നിധിയില്‍ കടന്നു വരുന്ന ദിനം...മാതാപിതാക്കളുടെയും പ്രിയപ്പെട്ടവരുടെയും കൈ പിടിച്ചു വലിയ സന്തോഷത്തോടെ ഈശോയുടെ സന്നിധിയില്‍ കടന്നു വരുന്ന ഓരോ കുഞ്ഞു മകനും,മകള്‍ക്കും മുന്‍പില്‍ സ്വര്‍ഗം അനുഗ്രഹവര്ഷം ചൊരിയുന്ന ദിനം...നിങ്ങളുടെ വിശുദ്ധമായ കരങ്ങളില്‍ ഈശോ അപ്പത്തിന്റെ രൂപത്തില്‍ എഴുന്നള്ളി വരുന്ന ദിനം.
എന്തുകൊണ്ടാണ് നമ്മുടെ ഇടയില്‍ ചിരകാലം വസിക്കാന്‍ ഈശോ അപ്പത്തിന്റെ രൂപം തിരഞ്ഞടുത്തത്? ഈ ചോദ്യം ഈ ദിവസം വളരെ പ്രസക്തമാണെന്നു ഞാന്‍ കരുതുകയാണ്. എന്തുകൊണ്ടാണ് എന്‍റെ ഈശോ അപ്പത്തിന്റെ രൂപം സ്വീകരിച്ചത്?
ഈശോ മനുഷ്യനായി അവതരിച്ചത് ബെത്ലെഹമിലെ ഒരു കാലിത്തൊഴുത്തില്‍ ആണെന്ന് നാം പഠിച്ചിട്ടുണ്ട്,സുവിശേഷങ്ങളില്‍ വായിച്ചിട്ടുണ്ട്. Bethlehem എന്ന ഹീബ്രു വാകിന്റെ അര്‍ഥം "അപ്പത്തിന്റെ വീട്" എന്നാണ്. അപ്പത്തിന്റെ വീട്ടില്‍ പിറന്നവന്‍ അപ്പമായി ഇതാ നമ്മുടെ മധ്യത്തില്‍. അപ്പത്തിന്റെ വീട്ടില്‍ പിറന്നവന്‍...അപ്പമായി നമ്മുടെ ഹൃദയത്തില്‍ വസിക്കുന്നവന്‍ തന്റെ അന്ത്യഅത്താഴ സമയം തന്റെ തൃക്കരങ്ങളില്‍ അപ്പമെടുത്തു,വാഴ്ത്തി അരുള്‍ ചെയ്തു "ഇത് എന്‍റെ ശരീരമാണ്" സ്നേഹമുള്ളവരെ തിരുക്കുരിശിലെ ബലിയില്‍ രക്തം ചിന്തി മരിച്ചപ്പോള്‍ അവിടുന്ന് തന്റെ ജീവിതത്തെ അപ്പമാക്കി മാറ്റുകയായിരുന്നു. നമ്മുക്കുവേണ്ടി...ജീവനുണ്ടാകുവനും അത് സമൃദ്ധിയില്‍ ഉണ്ടാകുവാനുമായി സ്വര്‍ഗത്തില്‍ നിന്നും ഇറങ്ങി വന്ന ജീവന്റെ അപ്പം.
ഈ വിശുദ്ധകുര്‍ബാന അതുകൊണ്ട് നമ്മളെ മൂന്നു കാര്യങ്ങള്‍ ഓര്‍മിപ്പിക്കുന്നു: ഇത് ഒരു ദാനം ആണ്; ഇത് ഒരു രഹസ്യം ആണ്; ഇത് ഒരു നിയോഗമാണ്. അതെ വി. കുര്‍ബാന ഇന്ന് എന്‍റെ ജീവിതത്തില്‍ ഒരു ദാനമാണ്...ഒരു രഹസ്യമാണ്...ഒരു നിയോഗമാണ്.
ഈശോ പറയുന്നു ദാനമായി നിങ്ങള്ക്ക് കിട്ടി ദാനമായി തന്നെ കൊടുക്കുവിന്‍. അപ്പത്തിന്റെ രൂപത്തില്‍ നമ്മെ സ്വന്തമാകുന്ന ഈശോയുടെ ദിവ്യകാരുണ്യം നമ്മെ ഓര്‍മിപ്പിക്കുന്നു: മകനെ മകളെ നിന്റെ ജീവിതവും ഒരു അപ്പമായി രൂപാന്തരപെടണം. അനേകര്‍ക്ക്‌ വേണ്ടി നീ അപ്പമായി മാറണം. പ്രിയമുള്ള മാതാപിതാക്കളെ നിങ്ങളുടെ ജീവിതം കൊണ്ട് നിങ്ങള്‍ ഈ മക്കള്‍ക്ക്‌ അപ്പമായി മാറുമ്പോള്‍ നിങ്ങളുടെ ജീവിതവും ഒരു ദിവ്യകാരുണ്യം ആയി മാറുകയാണ്. അപ്പമായി മാറുന്നവന്‍ ആണ് യഥാര്‍ത്ഥത്തില്‍ അപ്പന്‍...സ്വയം പൊടിഞ്ഞു ഇല്ലാതെയാകുന്ന അപ്പമായി മാരുന്നവള്‍ ആണ് യഥാര്‍ത്ഥത്തില്‍ അമ്മ. ഇന്ന് ഈശോയെ സ്വീകരിക്കുന്ന കുഞ്ഞുമക്കളെ നിങ്ങളെയും അവിടുന്ന് ഓര്‍മിപ്പിക്കുന്നു: നിങ്ങളും അപ്പമായി മാറണം...നിങ്ങളും പൊടിയാന്‍ തയ്യാറാവണം...നിങ്ങളുടെ മാതാപിതാക്കളുടെ സ്വപ്നങ്ങളെ സാക്ഷാത്ക്കരിക്കാന്‍,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഗുരുജനങ്ങളുടെ സ്വപനം നിറവേറ്റാന്‍, ജന്മഭൂമിയുടെ നന്മക്കായി,തിരുസഭയുടെ വളര്‍ച്ചക്കായി നിങ്ങളും അപ്പമായി മാറണം. അപ്പോഴാണ്‌ നിങ്ങളുടെ ജീവിതവും ഒരു ദിവ്യകാരുണ്യം ആയി തീരുക. ഈ നിയോഗം വലിയ വേദനകളിലേക്കു നിങ്ങളെ നയിക്കാം എന്നു അപ്പത്തിന്റെ കഥ നമ്മെ ഓര്‍മ്മിപ്പിക്കുന്നു:
വളരെ വിശാലമായ ഒരു ഗോതമ്പ് പാടം. സ്വര്‍ണ വര്‍ണമുള്ള ഗോതമ്പ് ചെടികളെ തലോടി കടന്നു പോകുന്ന മന്ദമാരുതന്‍...വലിയ സൌഭാഗ്യവും,സന്തോഷവും അനുഭവിച്ചു വിരാചിക്കുന്ന ഗോതമ്പ് ചെടികളുടെ കടക്കല്‍ ഇതാ കര്‍ഷകന്‍ അരിവാള്‍ വയ്ക്കുന്നു. ഗോതമ്പ് ചെടിക്കു വിഷമമായി...അന്ന് വരെ തന്നെ ജീവന് തുല്യം സ്നേഹിച്ചവന്‍,തനിക്കു വളവും വെള്ളവും തന്നവന്‍, തന്നെ സ്നേഹം തന്നു വലതിയവന്‍ ഇതാ തന്നെ അറുത്തു മാറ്റുന്നു. അറുത്തെടുത്ത ഗോതമ്പ് ചെടികളെ തലയില്‍ ചുമന്നു കര്‍ഷകന്‍ തന്റെ മെതിക്കളത്തില്‍ എത്തി. പിന്നീടങ്ങോട്ട് ആ ഗോതമ്പ് മണികള്‍ക്ക് തീരാ വേദനയുടെ, കഷ്ടപ്പാടിന്റെ നാളുകള്‍ ആയിരുന്നു. മെതികളത്തില്‍ പൊരിവെയിലത്ത് കിടന്നു ഗോതമ്പ് മണികള്‍ ഉണങ്ങി,അവയെ ചവിട്ടി മെതിച്ചു മണികള്‍ വേര്‍തിരിച്ചു, മില്ലില്‍ കൊണ്ടുപോയി തൊലികളഞ്ഞു, പൊടിച്ചു. പാവം ഗോതമ്പ് മണികള്‍ വളരെ ദുഖിതരായി. ജീവിതം നശിച്ചുവെന്നും തങ്ങളുടെ അസ്ഥിത്വം തന്നെ ഇല്ലാതായെന്നും ഓര്‍ത്തു അവ വേദനിക്കുമ്പോള്‍ ഒരു ദിവസം കര്‍ഷകന്‍ ആ ഗോതമ്പ് മാവ് കൊണ്ട് അപ്പങ്ങള്‍ ഉണ്ടാക്കി. ആ അപ്പങ്ങള്‍ കര്‍ത്താവിന്റെ അള്‍ത്താരയില്‍ അവിടുത്തെ ശരീരമായി. ഗോതമ്പ് മണികള്‍ പറഞ്ഞു ഞങ്ങളുടെ ജന്മം ധന്യമായി. വലിയ പീഡനങ്ങളുടെയും ദുഖങ്ങളുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങള്‍ക്കൊടുവില്‍ നല്ല കര്‍ഷകന്‍ ഞങ്ങളെ ഈശോയുടെത് ആക്കി മാറ്റിയിരിക്കുന്നു. പ്രിയമുള്ളവരേ ഇന്ന് ഈശോയുടെ തിരുശരീരമായി രൂപാന്തരപ്പെടുന്ന ഈ അപ്പകഷ്ണങ്ങള്‍ നമ്മോടും പറയുന്ന ഒരു സന്ദേശമുണ്ട്: ഒരു പക്ഷെ നിങ്ങളുടെ ജീവിതത്തിലും ഇത്തരത്തിലുള്ള ദുഖത്തിന്റെ അനുഭവങ്ങളിലൂടെ, അറുത്തു മാറ്റുന്ന...തൊലി ഉരിയുന്ന...ഇടിച്ചു പൊടിക്കുന്ന അനുഭവങ്ങളിലൂടെ ദൈവമാകുന്ന കര്‍ഷകന്‍ നിങ്ങളെ കടത്തിവിട്ടെക്കാം. പക്ഷെ നിങ്ങള്‍ നിരാശരാകരുത്. നിങ്ങള്‍ അപ്പമായി മാറാന്‍...ദിവ്യകാരുണ്യം ആയി രൂപന്തരപ്പെടാന്‍ ഈ സഹനം ഒരു അനിവാര്യതയാണെന്ന് തിരിച്ചറിയുക.
വി. കുര്‍ബാന എന്ന സ്നേഹത്തിന്റെ രഹസ്യം എന്‍റെ ജീവിതത്തിന്റെ നിയോഗമാകുമ്പോള്‍ എന്‍റെ ജീവിതവും അപ്പമായി മാറുന്നു. അനേകരുടെ നന്മക്കായി, വളര്‍ച്ചയ്ക്കായി പൊടിഞ്ഞു തീരുന്ന സ്നേഹത്തിന്റെ അപ്പം. ഇത്തരത്തില്‍ ഒരു പുണ്യ ജന്മം സ്വന്തമാക്കാന്‍ നല്ല ദൈവം നാമേവരെയും വളരെ പ്രത്യേകമായി ഇന്ന് ആദ്യ കുബാന സ്വീകരിക്കുന്ന ഈ കുഞ്ഞു മക്കളെയും സമൃദ്ധമായി അനുഗ്രഹിക്കട്ടെ എന്നു ഞാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ട!