CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2010, ഫെബ്രുവരി 14, ഞായറാഴ്‌ച

നാല് ഭാര്യമാര്‍


ഒരു കച്ചവടക്കാരന് നാല് ഭാര്യമാര്‍ ഉണ്ടായിരുന്നു.
സുന്ദരിയായിരുന്ന നാലാമത്തെ ഭാര്യയെ അയാള്‍ ഏറ്റവുമധികം  സ്നേഹിച്ചു. വിലപിടിച്ച ആടയാഭരണങ്ങളും മറ്റും അയാള്‍ അവള്‍ക്കു സമ്മാനിച്ചു. ലോകത്തില്‍ പണം കൊടുത്തു വാങ്ങാവുന്ന എല്ലാ സൌഭാഗ്യങ്ങളും അയാള്‍ അവള്‍ക്കു നല്‍കി.
മൂന്നാമത്തെ ഭാര്യയും അതീവ സുന്ദരിയായിരുന്നു. അയാള്‍ അവളെയും സ്നേഹിച്ചു. തന്റെ സ്നേഹിതരുടെയും മറ്റും മുന്‍പില്‍ അവളെ അയാള്‍ അഭിമാനപൂര്‍വം കൂട്ടികൊണ്ടുവന്നു. എന്നാല്‍ അവള്‍ തന്നെ ഉപേക്ഷിച്ചു മറ്റാരുടെയെങ്കിലും കൂടെ പോകുമോ എന്ന ഭയം അയാള്‍ക്കെപ്പോഴുമുണ്ടായിരുന്നു.
തന്റെ രണ്ടെമത്തെ ഭാര്യയേയും അയാള്‍ ഇഷ്ടപ്പെട്ടിരുന്നു.കാരണം അവള്‍ അയാള്‍ക്ക് ആത്മവിശ്വാസം നല്‍കി. അയാള്‍ ചില പ്രശ്നങ്ങളെ അഭിമുഖീകരിച്ചപ്പോള്‍ അയാള്‍ക്ക് മാര്‍ഗം ഉപദേശിക്കുവാന്‍ അവള്‍ സന്നധയായിരുന്നു.
ആ കച്ചവടക്കാരന്റെ സകല സൌഭാഗ്യങ്ങളെയും കാത്തു സൂക്ഷിച്ചിരുന്നത് അയാളോട് ഏറ്റവും സ്നേഹവും വിശ്വസ്തതയും പുലര്‍ത്തിയിരുന്ന അയാളുടെ ആദ്യ ഭാര്യയായിരുന്നു. എന്നാല്‍ അയാള്‍ക്ക് അവളെ  ഇഷ്ടമായിരുന്നില്ല.  അവളുടെ  കാര്യങ്ങളില്‍ അയാള്‍ ഒട്ടും ശ്രദ്ധിച്ചില്ല.‍
നിനച്ചിരിക്കാതെ ഒരു ദിവസം കച്ചവടക്കാരന്‍ മാരകമായ രോഗബാധിതനായി. മരണക്കിടക്കയില്‍ അയാള്‍ ചിന്തിച്ചു. ജീവിതകാലത്ത് നാല് ഭാര്യമാര്‍ ഉണ്ടായിരുന്ന താനിതാ ഏകാനയിതീരുന്നു. അയാള്‍ തനിക്കേറ്റവും പ്രിയപ്പെട്ട നാലാമത്തെ ഭാര്യയെ അടുത്തുവിളിച്ചു മരണത്തിലും തന്നോടൊപ്പം വരില്ലേ എന്നു ചോദിച്ചു.'ഇല്ല ഒരു വഴിയുമില്ല' എന്നു പറഞ്ഞു അവള്‍ നടന്നകന്നു.
മൂന്നാമത്തെ ഭാര്യയോടും അയാള്‍ ഇതേ ചോദ്യം ആവര്‍ത്തിച്ചു. പക്ഷെ അയാളെ വീണ്ടും നിരാശനാക്കികൊണ്ട് അവള്‍ പറഞ്ഞു 'ഇല്ല, ജീവിതം ഇവിടെ മനോഹരമാണ് അതുകൊണ്ട് ഞാന്‍ മറ്റൊരു വിവാഹം കഴിക്കാന്‍ തീരുമാനിച്ചു'.
ദുഖിതനായ അയാള്‍ ഏറെ പ്രതീക്ഷയോടെ തന്റെ രണ്ടാമത്തെ ഭാര്യയോട്‌ ചോദിച്ചു:' മരണത്തിലും നീ എന്നെ അനുഗമിക്കില്ലേ? ' അവള്‍ പറഞ്ഞു: 'എന്നോട് ക്ഷമിക്കണം ഈ സമയം താങ്കളെ സഹായിക്കാന്‍ എനിക്കാവില്ല. കല്ലറ വരെ മാത്രം ഞാന്‍ കൂടെയുണ്ടാവും" .
അതീവ ദുഖിതനായി തളര്‍ന്നിരുന്ന അയാളുടെ കാതുകളില്‍ മറ്റൊരു സ്വരം പതിച്ചു. 'ഞാനുണ്ടാവും നിങ്ങളുടെ കൂടെ മരണശേഷവും...നിങ്ങള്‍ എവിടെ പോയാലും ഞാന്‍ ഒപ്പമുണ്ടാവും'. അത് അയാളുടെ ആദ്യ ഭാര്യയുടെ സ്വരമായിരുന്നു. അയാള്‍ ഒരിക്കല്‍ പോലും ശ്രദ്ധിക്കാത്തത് മൂലം മെലിഞ്ഞുണങ്ങി വിരൂപമായിതീര്‍ന അവളുടെ മുഖത്തേക്ക് നോക്കി അയാള്‍ പറഞ്ഞു:'എനിക്ക് തെറ്റിപോയി... ഒരിക്കല്‍പോലും നിന്നെ സ്നേഹിക്കാനോ നിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കാനോ എനിക്ക് കഴിഞ്ഞില്ലല്ലോ'.
സത്യത്തില്‍ നമുക്കെല്ലാവര്‍ക്കും ഈ നാല് ഭാര്യമാര്‍ ഉണ്ട്.
നാലാമത്തെ അവള്‍ നമ്മുടെ ശരീരമാണ്. ഏറ്റവുമധികം സ്നേഹം ശ്രദ്ധയും നല്‍കി നാം കൊണ്ടുനടക്കുന്ന ഈ ശരീരം മരണത്തില്‍ നമ്മെ വിട്ടു പോകുന്നു.
മൂന്നാമത്തെ ഭാര്യ സ്വത്തും പണവും പ്രശസ്തിയുമാണ്. നമ്മുടെ മരണശേഷം അത് മറ്റുള്ളവരുടെത് ആയിതീരുന്നു.
രണ്ടാമത്തെ ഭാര്യ നമ്മുടെ കുടുംബം സുഹൃത്തുക്കള്‍ തുടങ്ങിയവരാണ്. കല്ലറവരെ മാത്രം അവര്‍ നമ്മെ അനുഗമിക്കും.
എന്നാല്‍ വീണ്ടും നമ്മോടൊപ്പം കൂടപ്പോരുന്ന ഒന്നാമത്തെ ഭാര്യ നമ്മുടെ ആത്മാവാണ്. ജീവിതത്തിന്റെ നെട്ടോട്ടങ്ങളില്‍ നാം മനപൂര്‍വം മറക്കുന്ന നമ്മുടെ ആത്മാവ്.