CLICK HERE FOR BLOGGER TEMPLATES AND MYSPACE LAYOUTS »

2011, ഫെബ്രുവരി 26, ശനിയാഴ്‌ച

Smoke sign!



ഒരിക്കല്‍ ഒരു കപ്പല്‍ അപകടത്തില്‍ പെട്ടു. പൂര്‍ണമായും നശിച്ച ആ കപ്പലില്‍ നിന്നും ഒരാള്‍ മാത്രം അത്ഭുതകരമായി രക്ഷപെട്ടു. അയാള്‍ എത്തിപ്പെട്ടത് ആള്‍താമസമില്ലാത്ത ഒരു ചെറിയ ദ്വീപിലാണ്. ആരെങ്കിലും തന്നെ രക്ഷിക്കാന്‍ വരും എന്ന പ്രതീക്ഷയില്‍ അയാള്‍ ഏതാനും ദിവസങ്ങള്‍ കാത്തിരുന്നു. ദൈവത്തോട് മനമുരുകി പ്രാര്‍ഥിച്ചു. എന്നാല്‍ ആരും അയാളെ തിരഞ്ഞു വന്നില്ല.
ഒടുവില്‍ ജീവന്‍ നിലനിര്‍ത്താനായി അയാള്‍ വളരെയേറെ പണിപെട്ട് ആ ദ്വീപില്‍ നിന്നും ശേഖരിച്ച സാമഗ്രികള്‍ കൊണ്ട് ഒരു കൊച്ചു കുടില്‍ ഉണ്ടാക്കി. ജീവസന്ധാരണം നടത്തുവാനായി അയാള്‍ അധ്വാനിച്ചു ശേഖരിച്ചവയും അവിടെ സൂക്ഷിച്ചു. തന്നെ രക്ഷിക്കുവാന്‍ ആരെയെങ്കിലും ആ തീരത്തേയ്ക്ക് അയയ്ക്കണമേ എന്ന് അയാള്‍ എന്നും ദൈവത്തോട് അപേക്ഷിച്ചുകൊണ്ടിരുന്നു. ആഴ്ചകള്‍ കടന്നു പോയി. അങ്ങനെയിരിക്കെ ഒരു ദിനം അല്‍പ്പം ഭക്ഷണത്തിനുള്ള വകയും കൊണ്ട് തന്റെ കിടപ്പാടത്തിനു അടുത്തെത്തിയ അയാള്‍ കണ്ടത് ഹൃദയം പിളര്‍ക്കുന്ന ഒരു കാഴച്ചയാണ്. അയാളുടെ കഠിന അധ്വാനത്തിന്റെ ഫലമായ കുടില്‍ നിന്ന് കത്തുന്നു. എല്ലാം ആകാശം മുട്ടെ ഉയര്‍ന്നു പൊങ്ങിയ അഗ്നിനാളങ്ങള്‍ തിന്നു തീര്‍ത്തിരിക്കുന്നു. നിരാശനായ അയാള്‍ കരങ്ങള്‍ സ്വര്‍ഗതിലെക്കുയര്‍ത്തി ദൈവത്തെ ശപിച്ചു കൊണ്ട് പറഞ്ഞു :"എന്തിനു എന്നോടിങ്ങനെ ക്രൂരത! എന്റെ ജീവിതത്തിലേക്ക് അഗ്നി അയയ്ക്കുന്നത് എന്തിനു?".

നിരാശനായ അയാള്‍ അവിടെ തളര്‍ന്നു വീണുറങ്ങി. പിറ്റേന്ന് രാവിലെ അയാള്‍ എഴുന്നേല്‍ക്കുന്നത് തന്നെ രക്ഷിക്കാനായി വന്ന ഒരു കപ്പലിലെ ആളുകളുടെ ശബ്ദം കേട്ടുകൊണ്ടാണ്. സന്തോഷം കൊണ്ട് മനം നിറഞ്ഞ അയാള്‍ ആ നാവികരോട് ചോദിച്ചു "എങ്ങനെയാണ് ഞാന്‍ ഈ ദ്വീപില്‍ അകപെട്ടിട്ടുണ്ട് എന്ന് നിങ്ങള്‍ അറിഞ്ഞത്?" അവര്‍ പറഞ്ഞു: "താങ്കള്‍ തീ കൂട്ടി ഞങ്ങള്‍ക്ക് തന്ന അടയാളം (smoke sign) ഞങ്ങള്‍ കണ്ടു, അങ്ങനെയാണ് ഇവിടെ എത്തിയത്".

നമ്മുടെ ജീവിതങ്ങളിലും ദൈവം പലപ്പോഴും ഓരോ അഗ്നി അടയാളങ്ങള്‍ അനുവദിക്കും!